ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2011, ഒക്ടോബര്‍ 12, ബുധനാഴ്ച

പ്രവാചകന്‍ (ഇരുപത്തിനാലാം അദ്ധ്യായം )


പ്രവാചകന്‍ (ഇരുപത്തിനാലാം അദ്ധ്യായം )
അപ്പോള്‍ ഒരു കവി പറഞ്ഞു, ഞങ്ങളോട് സൌന്ദര്യത്തെക്കുറിച്ചു് പറയുക. അവന്‍ ഉത്തരമായി പറഞ്ഞു : എവിടെയാണ് നിങ്ങള്‍ സൌന്ദര്യത്തെ തേടുക ,എങ്ങനെയാണ് കണ്ടെത്തുക ?അവള്‍ തന്നെ നിങ്ങളുടെ വഴിയും വഴികാട്ടിയുമാകുന്നില്ലെങ്കില്‍ ! എങ്ങനെയാണ് നിങ്ങള്‍ അവളെക്കുറിച്ച് സംസാരിക്കുക , അവള്‍ തന്നെ നിങ്ങളുടെ വാക്കുകള്‍ക്ക് ഇഴ പാകുന്നില്ലയെങ്കില്‍ ! ദുഖിതരും വ്രണിതരും പറയും ," സൌന്ദര്യം ദയാ
വായ്പാര്‍ന്നതും സൌമ്യവുമാകുന്നു ". സ്വന്തം മഹിമയെക്കുറിച്ചുള്ള ചിന്തയാല്‍ അര്‍ദ്ധ ലജ്ജാലുവായ യുവതിയായ മാതാവിനെപ്പോലെ ,അവള്‍ ഞങ്ങളുടെ ഇടയില്‍ സഞ്ചരിക്കുന്നു " . വികാര വിക്ഷോഭിതര്‍ പറയും ," അല്ല ,സൌന്ദര്യം എന്നത് ശക്തിയാര്‍ന്നതും ഭയമുളവാക്കുന്നതുമാകുന്നു " . കൊടുങ്കാറ്റിനെപ്പോലെ അവള്‍ നമുക്ക് ചുവട്ടിലെ ഭൂമിയും മുകളിലെ ആകാശവും ഉലച്ചുകളയുന്നു . അവശരും ക്ഷീണിതരും പറയും, " സൌന്ദര്യം മൃദു മന്ത്രണങ്ങളാല്‍ സൃഷ്ടം . അവള്‍ ഞങ്ങളുടെ ആത്മാവില്‍ സംസാരിക്കുന്നു . അവളുടെ ശബ്ദം ഞങ്ങളുടെ നിശബ്ദതകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നു ,നിഴലിനോടുള്ള ഭയത്താല്‍ വിറയ്ക്കുന്ന മങ്ങിയ വെളിച്ചത്തെപോലെ" സ്വസ്ഥതയില്ലാത്തവര്‍ പറയും," മലമടക്കുകളില്‍ അവള്‍ അലറി വിളിക്കുന്നത്‌ ഞങ്ങള്‍ കേട്ടിട്ടുണ്ട് , അവളുടെ അലര്‍ച്ചകള്‍ക്കൊപ്പം,കുളമ്പൊച്ചകളും,ചിറകടികളും സിംഹത്തിന്റെ അലര്‍ച്ചയും ഞങ്ങള്‍ കേട്ടിട്ടുണ്ട് " രാത്രിയില്‍ നഗര കാവല്‍ക്കാരന്‍ പറയും," സൌന്ദര്യം പ്രഭാതത്തോടൊപ്പം കിഴക്ക് ദിക്കില്‍ നിന്നും ഉദിച്ചുയരുന്നു ". മധ്യാഹ്നത്തില്‍ ,അധ്വാനിക്കുന്നവരും വഴിപോക്കരും പറയും,"അസ്തമനത്തിന്റെ ജാലകങ്ങളിലൂടെ ഭൂമിക്കു ആലംബനമായി നില്‍ക്കുന്ന അവളെ ഞങ്ങള്‍ കണ്ടു " ശിശിരത്തില്‍ , മഞ്ഞില്‍ അകപ്പെട്ടവര്‍ പറയും, " അവള്‍ വസന്തത്തോടൊപ്പം മലനിരകളില്‍ തുള്ളിച്ചാടി വരും".. വേനലില്‍ ,വിളവെടുക്കുന്നവര്‍ പറയും, " മുടിയിഴകളില്‍ ഒരു മഞ്ഞലയോടുകൂടി , അവള്‍ ശരത്കാല ദലങ്ങളോടോപ്പം നൃത്തമാടുന്നത് ഞങ്ങള്‍ കണ്ടു". സൌന്ദര്യത്തെക്കുറിച്ചു് ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ പറഞ്ഞു , എന്നാല്‍ സത്യത്തില്‍ നിങ്ങള്‍ പറഞ്ഞത് അവളെപറ്റിയല്ല ,പിന്നെയോ പൂര്‍ത്തിയാകാത്ത ആവശ്യങ്ങളെ പറ്റിയാകുന്നു , സൌന്ദര്യം എന്നത് ഒരു ആവശ്യമല്ല ,ഒരു ആനന്ദമാകുന്നു . അത് ദാഹിക്കുന്ന ഒരു വായോ മുന്നോട്ട് നീട്ടപ്പെട്ട ഒഴിഞ്ഞ കൈയോ അല്ല, പിന്നെയോ ആളിക്കത്തുന്ന ഒരു ഹൃദയവും വശീകരിക്കപെട്ട ഒരു ആത്മാവും ആകുന്നു . അത് നിങ്ങള്‍ കാണുന്ന ഒരു ചിത്രമോ ,കേള്‍ക്കുന്ന ഒരു ഗാനമോ അല്ല , പിന്നെയോ കണ്ണടച്ചാലും കാണാവുന്ന ചിത്രവും ,കാതുമൂടിയാലും കേള്‍ക്കാവുന്ന ഗാണവുംആകുന്നു . അത് ചാലുകീറിയ മരപ്പട്ടക്കുള്ളിലെ ജീവദ്രവമോ ഒരു നഖരത്തോട്‌ ചേര്‍ന്നിരിക്കുന്ന ചിറകോ അല്ല . പിന്നെയോ, എക്കാലവും പൂത്തുനില്‍ക്കുന്ന ഒരു മലര്‍വാടിയും എപ്പോഴും വാനില്‍ പറന്നു നടക്കുന്ന മാലഖമാരുടെ ഒരു കൂട്ടവും ആകുന്നു . ഓര്‍ഫലീസ് നിവാസികളെ ,ജീവിതം അവളുടെ വിശുദ്ധ മുഖം അനാവൃതമാക്കുമ്പോള്‍ ,സൌന്ദര്യം ജീവിതമാകുന്നു
പക്ഷെ , ജീവിതവും തിരശ്ശീലയും നിങ്ങള്‍ തന്നെയാകുന്നു . കണ്ണാടിയില്‍ തന്റെ തന്നെ രൂപം നോക്കിനില്‍കുന്ന നിത്യതയാകുന്നു സൌന്ദര്യം. പക്ഷെ നിത്യതയും കണ്ണാടിയും നിങ്ങള്‍ തന്നെയാകുന്നു .