Popular Posts

Sunday, August 29, 2010

പ്രവാചകന്‍(പതിനാലാം അദ്ധ്യായം)


പ്രവാചകന്‍(പതിനാലാം അദ്ധ്യായം)

പിന്നെ
പുരോഹിത വീണ്ടും പറഞ്ഞു : ഞങ്ങളോട് യുക്തിയെയും വികാരത്തെയും കുറിച്ച് പറയുക .
അവന്‍ മറുപടിയായി പറഞ്ഞു :
നിങ്ങളുടെ ആത്മാവ് പലപ്പോഴും ,നിങ്ങളുടെ യുക്തിയും ന്യായവിധിയും നിങ്ങളുടെ വികാരത്തോടും വാഞ്ഛയോടും യുദ്ധത്തില്‍ ഏര്‍പെടുന്ന ,ഒരു രണഭൂമിയാകുന്നു.

നിങ്ങളുടെ മൂലഘടകങ്ങളുടെ കലഹവും വൈരവും ,ഐക്യവും ലയവുമാക്കി മാറ്റി, എനിക്ക് നിങ്ങളുടെ ആത്മാവില്‍ സമാധാനപാലകന്‍ ആകുവാന്‍ കഴിഞ്ഞെങ്കില്‍ .
പക്ഷെ എനിക്കെങ്ങനെ അത് കഴിയും ? നിങ്ങള്‍ സ്വയം തന്നെ സമാധാനപാലകര്‍,
അല്ല ,നിങ്ങളുടെ മൂലഘടകങ്ങളുടെ
പ്രണയികള്‍ ,ആവുകയില്ലെങ്കില്‍ .
നിങ്ങളുടെ യുക്തിയും വികാരവും, സമുദ്രായനം നടത്തുന്ന നിങ്ങളുടെ ആത്മാവിന്‍റെ ചുക്കാനും തുഴകളുമാകുന്നു .
നിങ്ങളുടെ തുഴകളോ ചുക്കാനോ ഏതെങ്കിലും ഒന്ന് തകര്‍ന്നാല്‍ , കടലില്‍ ഒഴുകി നടക്കുകയോ, തിരകളാല്‍ എടുത്തെറിയപ്പെടുകയോ അല്ലെങ്കില്‍ നടുക്കടലില്‍ നിശ്ചലനാക്കപെടുകയോ അല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നിനുമാവില്ല .
എന്തെന്നാല്‍ യുക്തി ,ഏകനായി വാഴുമ്പോള്‍ ,ബന്ധനം തീര്‍ക്കുന്ന ഒരു ശക്തിയാകുന്നു: വികാരം, നിയന്ത്രിക്കപെട്ടില്ലെങ്കില്‍ സ്വയം ദഹിപ്പിക്കുന്ന അഗ്നിനാളമാകുന്നു .
അതുകൊണ്ട് ,യുക്തിയെ വികാരത്തോളം ഉയര്‍ത്തുവാന്‍ ,നിങ്ങളുടെ ആത്മാവിനെ അനുവദിക്കുക,അങ്ങനെ അത് ഗീതികള്‍ പാടട്ടെ .
സ്വന്തം ചിതയില്‍ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ ,നിങ്ങളുടെ വികാരങ്ങള്‍ ദിനവും അതിന്‍റെ പുനര്‍ജനിയിലൂടെ കടന്നു പോകേണ്ടതിലെക്കായി ,
വികാരത്തെ യുക്തികൊണ്ട് നിയന്ത്രിക്കുവാന്‍ നിങ്ങളുടെ ആത്മാവിനെ അനുവദിക്കുക.
നിങ്ങള്‍, രണ്ട് പ്രിയപ്പെട്ട അഥിതികളെ എന്നപോലെ, നിങ്ങളുടെ ന്യായവിധിയും ആഗ്രഹങ്ങളെയും കരുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു .
നിശ്ചയമായും നിങ്ങള്‍ ഒരു അഥിതിക്കുമേലെ അപരനെ ബഹുമാനിക്കുകയില്ല ,
എന്തെന്നാല്‍ ഒരുവന് മേലെ മാത്രം കൂടുതല്‍ കരുതലെടുക്കുന്നവന് ,ഇരുവരുടെയും സ്നേഹവും ബഹുമാനവും നഷ്ടമാകുന്നു .
മലമടക്കുകളില്‍ ,നിങ്ങള്‍ വിദൂര കൃഷിപ്പാടങ്ങളുടെയും പുല്മേടുകളുടെയും ശാന്തിയും പരിശുദ്ധിയും നുകര്‍ന്നുകൊണ്ട് വെളുത്ത പോപ്ലാറുകളുടെ ശീതള ഛായയിലിരിക്കുമ്പോള്‍,നിങ്ങളുടെ ഹൃദയം നിശബ്ദമായി ഇങ്ങനെ പറയട്ടെ,
"ദൈവമിരിക്കുന്നത് യുക്തിയിലാകുന്നു "
കൊടുങ്കാറ്റു വരുമ്പോള്‍ ,ശക്തമായ വാതം കാടുകളെ പിടിച്ചുലക്കുംപോള്‍ ,
ഇടിയും മിന്നലും ആകാശത്തിന്‍റെ മഹത്വം വിളിച്ചോതുംപോള്‍ ,നിങ്ങളുടെ ഹൃദയം ഭീതിയാര്‍ന്നു ഇങ്ങനെ പറയട്ടെ ," ദൈവം ചലിക്കുന്നത് വികാരവായ്പോടെ ".
നിങ്ങള്‍, ദൈവത്തിന്‍റെ ഗോളത്തിലെ ഒരു ശ്വാസവും അവന്‍റെ കാനനത്തിലെ ഒരു ഇലയും ആകയാല്‍ ,നിങ്ങളും യുക്തിയില്‍ വിശ്രമിക്കുകയും വികാരത്തില്‍ ചലിക്കുകയും ചെയ്യുക തന്നെ വേണം .

0 comments: