പ്രവാചകന്‍ (പതിമൂന്നാം അദ്ധ്യായം )
പിന്നെ, ഒരു വാഗ്മി പറഞ്ഞു ,ഞങ്ങളോട് സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുക .
അവന്‍ ഉത്തരമായി പറഞ്ഞു :
നഗരകവാടത്തിലും നിങ്ങളുടെ നെരിപ്പോടിനരുകിലും ,നിങ്ങള്‍ സാഷ്ടാംഗം പ്രണമിച്ച്, നിങ്ങളുടെ തന്നെ സ്വാതന്ത്ര്യത്തെ ആരാധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ,
തങ്ങളെ മൃഗീയമായി കൊലചെയ്യുന്ന മര്‍ദ്ദകനായ സ്വേച്ഛാധിപതിയുടെ മുമ്പില്‍ വണങ്ങി ,അവന് സ്തുതി പാടുന്ന അടിമകളെപ്പോലെ .
അതെ ,ദേവാലയത്തിന്‍റെ ഉപവനത്തിലും ,കോട്ടയുടെ നിഴലിലും ,നിങ്ങളിലെ ഏറ്റവും സ്വതന്ത്രരായവര്‍ ,തങ്ങളുടെ സ്വാതന്ത്ര്യത്തെ ഒരു നുകമായും കൈവിലങ്ങായും ധരിക്കുന്നത് ഞാന്‍കണ്ടിട്ടുണ്ട് .
എന്‍റെ ഹൃദയം ഉള്ളില്‍ നിണമണിഞ്ഞു; എന്തെന്നാല്‍, സ്വാതന്ത്ര്യം തേടുവാനുള്ള
ആഗ്രഹം പോലും നിങ്ങള്‍ക്ക് ഒരു പടച്ചമയമാവുകയും ,സ്വാതന്ത്ര്യം ,ഒരു ലക്ഷ്യമെന്നോ ഒരു സഫലീകരണമെന്നോ പറയുന്നതു അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ നിങ്ങള്‍ സ്വതന്ത്രരാവുകയുള്ളു.
നിങ്ങളുടെ പകലുകള്‍ കരുതലില്ലാത്തവയും ,നിങ്ങളുടെ രാത്രികള്‍ ഒരു ആവശ്യമോ ദുഖമോഇല്ലാത്തവയും അല്ലാതാകുമ്പോഴല്ല നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാവുന്നത് ,
പിന്നെയോ ,ഇവ നിങ്ങളുടെ ജീവിതത്തെ ചുറ്റി വരിയുകയും,എന്നിട്ടും നിങ്ങള്‍ അവയ്ക്ക് മേലെ, നഗ്നരായും കെട്ടുകളഴിഞ്ഞും ഉയരുകയും ചെയ്യുമ്പോഴാണ് .
നിങ്ങളുടെ വിവേകത്തിന്‍റെ പ്രഭാതത്തില്‍ ,നിങ്ങള്‍ നിങ്ങളുടെ മധ്യാഹ്നത്തിന്‍റെ
ചുറ്റും ബന്ധിച്ച ചങ്ങലകള്‍ പൊട്ടിച്ചെറി്ഞ്ഞില്ലെങ്കില്‍ ,നിങ്ങളുടെ ദിനരാത്രങ്ങളുടെ മേലെ ഉയരുവാന്‍ നിങ്ങള്‍ക്ക് എങ്ങിനെ കഴിയും?
സത്യത്തില്‍ നിങ്ങള്‍ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നതെന്തോ അത് തന്നെയാണ് ഏറ്റവും ബലവത്തായ ചങ്ങല;അതിന്‍റെ കണ്ണികള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുകയും നിങ്ങളുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുകയും ചെയ്യുമെങ്കിലും.
നിങ്ങള്‍ സ്വതന്ത്രരാവുന്നതിലേക്കായി ,നിങ്ങള്‍ ഉപേക്ഷിക്കേണ്ടത് ,നിങ്ങളുടെ തന്നെആത്മശകലങ്ങളെയല്ലാതെ മറ്റെന്തിനെയാണ്?
നീതിരഹിതമായ ഒരു നിയമത്തെയാണ് നിങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതെങ്കില്‍ ,ആ നിയമം നിങ്ങളുടെ ഫാലകത്തില്‍ നിങ്ങളുടെ സ്വന്തം കൈയ്യാല്‍ എഴുതപ്പെട്ടത് തന്നെ .
നിങ്ങളുടെ നിയമ ഗ്രന്ഥങ്ങള്‍ എരിച്ചിട്ടോ ,നിങ്ങളുടെ ന്യായാധിപന്മാരുടെ
നെറ്റിതടങ്ങള്‍ കഴുകിയിട്ടോ നിങ്ങള്‍ക്ക് അതിനെ മായ്ച്ചു കളയാന്‍ കഴിയില്ല ,അവയ്ക്ക് മീതെ ഒരുസമുദ്രം തന്നെ ഒഴുക്കിയാലും .
ഒരു സ്വേച്ഛാധിപതിയെയാണ് നിങ്ങള്‍ സ്ഥാനഭ്രഷ്ടനാക്കുന്നതെങ്കില്‍ ,ആദ്യം നിങ്ങളുടെയുള്ളില്‍ അവനുയര്‍ത്തിയ സിംഹാസനം തകര്‍ന്നു എന്ന് ഉറപ്പു വരുത്തുക .
എന്തെന്നാല്‍,അവരുടെ തന്നെ സ്വാതന്ത്ര്യത്തെ കീഴ്പ്പെടുത്തിയും,ആത്മാഭിമാനത്തില്‍ ക്ഷതമേല്‍പ്പിച്ചുമല്ലാതെ, സ്വതന്ത്രരെയും ആത്മാഭിമാനമുള്ളവരെയും ഒരു സ്വേച്ഛാധിപതിക്ക് എങ്ങനെ ഭരിക്കുവാന്‍ കഴിയും ?
നിങ്ങള്‍ ഉപേക്ഷിക്കുന്നത് ഒരു മനോവ്യഥയെ ആണെങ്കില്‍ അത് , നിങ്ങളില്‍ അടിച്ചേല്‍പിക്കപെട്ടതല്ല: മറിച്ച് നിങ്ങള്‍ തന്നെ തിരഞ്ഞെടുത്തതുതന്നെ .
നിങ്ങള്‍ക്ക് ദൂരീകരിക്കുവാനുള്ളത് ഒരു ഭയത്തെയാണെങ്കില്‍ ,അതിന്‍റെ ഉറവിടം നിങ്ങളുടെ ഹൃദയത്തിലാണ് ,അല്ലാതെ നിങ്ങള്‍ ഭയപ്പെട്ടവന്‍റെ കരങ്ങളിളല്ല .
സത്യമായും എല്ലാ വസ്തുക്കളും നിങ്ങളുടെ ഉള്ളില്‍ സ്ഥിരമായ അര്ദ്ധാലിംഗനത്തില്‍ തന്നെ ചലിക്കുന്നു :
ആഗ്രഹിച്ചതും ഭയപ്പെട്ടതും ,വെറുപ്പുളവാക്കുന്നതും ലാളിക്കപ്പെടുന്നതും ,നിങ്ങള്‍ തേടുന്നതും ഓടി ഒളിക്കേണ്ടതും .
ഇവ നിങ്ങളുടെയുള്ളില്‍ ഇണ ചേര്‍ന്ന് ചുറ്റിപിണയുന്ന വെളിച്ചവും നിഴലും പോലെ ചലിക്കുന്നു .
ഒടുവില്‍ നിഴല്‍ മങ്ങി ഇല്ലാതാവുമ്പോള്‍ ,തങ്ങിനില്‍ക്കുന്ന വെളിച്ചം മറ്റൊരു പ്രകാശത്തിന്ന് നിഴലായി മാറുന്നു .
അതുപോലെ നിങ്ങളുടെ സ്വാതന്ത്ര്യം, അതിന്‍റെ കാല്‍ചങ്ങലകള്‍ ഉപേക്ഷിക്കുമ്പോള്‍, സ്വയം മറ്റൊരു വലിയ സ്വാതന്ത്ര്യത്തിന്‍റെ കാല്‍വിലങ്ങായി മാറുന്നു.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ