Popular Posts

Sunday, September 6, 2009

പ്രവാചകന്‍ (പന്ത്രണ്ടാം അദ്ധ്യായം)


പ്രവാചകന്‍ (പന്ത്രണ്ടാം അദ്ധ്യായം)
അപ്പോള്‍ ഒരു അഭിഭാഷകന്‍ പറഞ്ഞു :ഗുരോ ,ഞങ്ങളുടെ നിയമങ്ങളെക്കുറിച്ചു് പറഞ്ഞാലും .
അവന്‍ ഉത്തരമായി പറഞ്ഞു :
നിങ്ങള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ആഹ്ലാദിക്കുന്നു ,
എന്നാല്‍ നിങ്ങള്‍
കൂടുതല്‍ ആഹ്ലാദിക്കുന്നതു അവ ലംഘിക്കുന്നതിലാണ്.
സ്ഥൈര്യത്തോടെ മണല്‍ ഗോപുരങ്ങളുണ്ടാക്കിയും ,പൊട്ടിച്ചിരിയോടെ അവ തകര്‍ത്തുകളഞ്ഞും,
കടല്‍ തീരത്ത് കളിക്കുന്ന കുട്ടികളെപ്പോലെ .
പക്ഷെ ,നിങ്ങള്‍ മണല്‍ ഗോപുരങ്ങളുണ്ടാക്കുംപോള്‍ ,സമുദ്രം തീരത്തേക്ക് കൂടുതല്‍ മണല്‍
എത്തിക്കുന്നു ,
നിങ്ങള്‍ അവയെ തകര്‍ക്കുമ്പോള്‍ സമുദ്രം നിങ്ങളോടൊപ്പം പൊട്ടിച്ചിരിക്കുന്നു .
നിശ്ചയമായും സമുദ്രം എപ്പോഴും നിഷ്കളങ്കരോടൊത്ത് പൊട്ടിച്ചിരിക്കുന്നു .
പക്ഷെ ജീവിതം സമുദ്രവും മനുഷ്യ നിര്‍മിത നിയമങ്ങള്‍ മണല്‍ ഗോപുരങ്ങളും അല്ലാത്തതായുള്ളവര്‍,
ജീവിതം ഒരു ഉറച്ച പാറയും ,നിയമം അതിനെ അവരുടെ തന്നെ ഛായയില്‍ രൂപപ്പെടുത്തിയെടുക്കുവാനുള്ള ഒരു ഉളിയും ആയുള്ളവര്‍ -അവരെപ്പറ്റി എന്ത് പറയുവാന്‍ ?
നര്‍ത്തകരെ വെറുക്കുന്ന മുടന്തനെപ്പറ്റി എന്ത് പറയുവാന്‍ ?
തന്റെ നുകത്തെ സ്നേഹിക്കുകയും ,കാട്ടിലെ മാനിനേയും കേഴയെയും വഴിപിഴച്ചവരെന്നും
അലഞ്ഞു തിരിയുന്നവരെന്നും വിളിക്കുകയും ചെയ്യുന്ന കാളയെക്കുറിച്ചു് എന്തുപറയാന്‍ ?
തന്റെ തുകല്‍ പൊഴി്ക്കാന്‍ കഴിയാതെ ,മറ്റുള്ളവയെ നഗ്നരെന്നും നാണമില്ലാത്തവരെന്നും
വിളിക്കുന്ന ,വയസ്സന്‍ സര്‍പ്പത്തെക്കുറിച്ച് എന്ത് പറയാന്‍ ?
വിവാഹ വിരുന്നിന് വളരെ നേരത്തെ എത്തി ,അമിതാഹാരത്താല്‍ ക്ഷീണിതനായി ,എല്ലാ വിരുന്നുകളും അതിക്രമങ്ങളാണെന്നും എല്ലാ വിരുന്നുകാരും നിയമ ലംഘകരാണെന്നും പുലമ്പിക്കൊണ്ട് തിരികെ പോകുന്നവനെക്കുറിച്ചു എന്ത് പറയുവാന്‍ ?
ഇവരെയെല്ലാം കുറിച്ച് , അവരും സൂര്യ പ്രകാശത്തില്‍ നില്ക്കുന്നു ,പക്ഷെ തങ്ങളുടെ പിന്‍ഭാഗം സൂര്യനഭിമുഖമായിക്കൊണ്ട്,എന്നല്ലാതെ ഞാന്‍ എന്ത് പറയുവാന്‍ ?
അവര്‍ തങ്ങളുടെ നിഴലുകള്‍ മാത്രം കാണുന്നു ,അവരുടെ നിയമങ്ങള്‍ അവരുടെ നിഴലുകള്‍ ആകുന്നു .
സൂര്യന്‍ അവര്‍ക്ക് നിഴല്‍ വീഴ്ത്തുന്ന ഒരു വസ്തുവല്ലതെ മറ്റെന്താണ് ?
നിയമങ്ങള്‍ അംഗീകരിക്കുക എന്നത് ,തല താഴ്ത്തി ,ഭൂമിയില്‍ അവരുടെ നിഴലുകളെ
പിന്തുടരുക എന്നല്ലാതെ മറ്റെന്താണ് ?
പക്ഷെ ,സൂര്യനഭിമുഖമായി നടക്കുന്നവരേ ,ഭൂമിയില്‍ വരയ്ക്കപ്പെട്ട ഏത് രൂപത്തിന് നിങ്ങളെ
പിടിച്ചു നിര്‍ത്തുവാന്‍ കഴിയും ?
നിങ്ങള്‍ കാറ്റിനൊപ്പം സഞ്ചരിക്കുന്നവര്‍. ഏത് കാറ്റാടി നിങ്ങളുടെ ഗതി ചൂണ്ടിക്കാണിക്കും ?
നിങ്ങള്‍ ഒരുവന്റെയും കാരാഗൃഹവാതിലില്‍ വച്ചല്ലാതെ ,നിങ്ങളുടെ നുകം തകര്‍ത്തെറിയുകയാണെങ്കില്‍ ,മനുഷ്യന്റെ ഏത് നിയമത്തിനു നിങ്ങളെ ബന്ധിക്കുവാന്‍ കഴിയും ?
നിങ്ങള്‍ നൃത്തം ചെയ്യുകയും,
എന്നാല്‍ ഒരുവന്റെയും ഇരുമ്പു ചങ്ങലകളില്‍ തടഞ്ഞു വീഴുകയും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ഏത് നിയമത്തെ ഭയക്കണം ?
നിങ്ങള്‍ വസ്ത്രങ്ങള്‍ കീറിയെറിയുകയും,എന്നാല്‍ മറ്റൊരുവന്റെ മാര്‍ഗത്തില്‍ അവ ഉപേക്ഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഏതൊരുവനാണ് നിങ്ങളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരിക ?
ഓര്‍ഫലീസ് നിവാസികളേ !
നിങ്ങള്‍ക്ക് പെരുമ്പറകള്‍ മൂടിവയ്ക്കാം ,വിപഞ്ചികയുടെ തന്ത്രികള്‍ അയച്ചുവിടാം ,പക്ഷെ വാനമ്പാടിയോടു പാടരുതെന്ന് കല്പിക്കുവാന്‍ ആര്‍ക്കു കഴിയും ?

0 comments: