ഈ ബ്ലോഗ് തിരയൂ

ലോഡ്ചെയ്യുന്നു...

2009, ഏപ്രില്‍ 19, ഞായറാഴ്ച

അല്ലയോ രാജസേവകാ !
അങ്ങ് നല്‍കിയ സ്വര്‍ണനാണയങ്ങള്‍ തിരിച്ചെടുത്തുകൊള്ളുക! സ്ത്രീയെദര്‍ശിച്ചിട്ടില്ലാത്ത,
ആശ്രമ വാസിയായ മുനികുമാരനെ വശീകരിക്കാന്‍,
അങ്ങ് കാനനത്തിലേക്കയച്ചവരില്‍ഒരുവളാണ് ഞാന്‍ .
അങ്ങയുടെ നിയോഗത്തില്‍ ഞാന്‍ പരാജിതയായിരിക്കുന്നു.......
അവന്‍ സ്നാനത്തിനായി പുഴക്കരയിലെത്തിയപ്പോള്‍,
പ്രഭാതത്തിലെ മങ്ങിയ വെളിച്ചം വിടരാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ;
അവന്‍റെ തവിട്ടാര്‍ന്ന ചുരുള്‍മുടി ,പ്രഭാത മേഘങ്ങളുടെ ഒരു കൂട്ടം പോലെ ചുമലിലേക്ക് ഇറങ്ങി കിടന്നിരുന്നു...
അവന്‍റെ അംഗങ്ങള്‍ സൂര്യരശ്മിയുടെ ഒരു പാളിപോലെപ്രകാശിച്ചിരുന്നു......
ഞങ്ങള്‍ പൊട്ടിചിരിച്ചുകൊണ്ടും പാട്ടുപാടിയും വഞ്ചികള്‍ തുഴഞ്ഞു.... ഭ്രാന്തമായ ക്രീഡാലഹരിയില്‍ നദിയിലേക്ക് എടുത്ത്‌ ചാടി ..
അവന്‍റെ ചുറ്റും നൃത്തമാടി..

അപ്പോള്‍
, ദിവ്യമായ ഒരു കോപത്താല്‍ അരുണിമയാര്‍ന്ന്, ഞങ്ങള്‍ക്കുനേരെ തീക്ഷ്ണമായ നോട്ടമെറിഞ്ഞുകൊണ്ട് ..
അങ്ങേ ചക്രവാളത്തില്‍ നിന്നു ഭാനുമാന്‍ ഉദിച്ചുയര്‍ന്നു ........
ഒരു
ബാല ദൈവത്തെ പോലെ അവന്‍ മിഴികള്‍ തുറന്ന് ഞങ്ങളുടെ ചലനങ്ങള്‍ വീക്ഷിച്ചു ..
അത്ഭുതത്താല്‍ അവന്‍റെ മിഴികള്‍ പ്രഭാത നക്ഷത്രങ്ങള്‍ പോലെ തിളങ്ങി......
അവന്‍
തന്‍റെ തൊഴുകൈകള്‍ ഉയര്‍ത്തി ,
കാനനത്തിലെ
ഓരോ ഇലകളെയും ത്രസിപ്പിച്ചുകൊണ്ട് ,
തന്‍റെ
വിഹംഗമ സമാനമായ യുവനാദത്തില്‍ ഒരു സ്തുതി ഗീതം പാടി... ഇതിന് മുന്പ് ഒരിക്കലും, നശ്വരയായ
ഒരു സ്ത്രീയുടെ കാതുകള്‍ക്കായി ഇതുപോലെയുള്ള ഗീതങ്ങള്‍ ആലപിച്ചിട്ടുണ്ടാവില്ല ...
അവ ,നിശ്ചലമായ മലനിരകളില്‍ നിന്നുയരുന്ന ,
പ്രഭാതത്തിനോടുള്ള
നിശബ്ദഗീതികള്‍ പോലെ ......
സ്ത്രീകളെല്ലാം ശരീരംഉലയുമാറ് വാപൊത്തിചിരിച്ചപോള്‍
അവന്‍റെ മുഖത്ത് നേരിയ സംശയത്തിന്‍റെ ഒരു അല തിരയടിച്ചത് ഞാന്‍ കണ്ടു.
പെട്ടെന്ന് അവന്‍റെസമീപത്തില്‍ ചെന്നു പാദങ്ങളില്‍ വീണു ഞാന്‍
വേദനയോടെ പറഞ്ഞു ..
'ഭവാന്‍ എന്‍റെ സേവനംസ്വീകരിച്ചാലും '.........
ഞാന്‍
അവനെ പുല്ലുമൂടിയ നദീതടത്തിലേക്ക് നയിച്ചു ,
എന്‍റെ
പട്ടു വസ്ത്രാഞ്ചലം കൊണ്ടു അവന്‍റെമേനി തുടച്ചു,
മുട്ടുകുത്തിനിന്നുകൊണ്ട്
എന്‍റെ നീണ്ട മുടിയിഴകള്‍ കൊണ്ടു ഞാന്‍ അവന്‍റെ പാദങ്ങള്‍ഉണക്കിയെടുത്തു...
ഞാന്‍
മുഖമുയര്‍ത്തി അവന്‍റെ മിഴികളിലേക്കു നോക്കിയപ്പോള്‍, ലോകത്തിലെ ആദ്യ സ്ത്രീക്ക് ലഭിച്ച ,
ലോകത്തിലെ
ആദ്യ ചുംബനം ഞാന്‍ അറിഞ്ഞുവെന്നു തോന്നി.
ഞാന്‍
അനുഗ്രഹീത തന്നെ !
എന്നെ
സ്ത്രീയായി സൃഷ്ടിച്ച ദൈവവും അനുഗ്രഹീതന്‍ !..
അവന്‍
എന്നോട് മന്ത്രിച്ചത് ഞാന്‍ കേട്ടു,
" അജ്ഞാതമായ ഏത് ദൈവമാണ് നീ ? നിന്‍റെ സ്പര്‍ശനം അനശ്വരതയുടെ സ്പര്‍ശനം പോലെ ,നിന്‍റെ മിഴികള്‍ക്ക് അര്‍ദ്ധനിശയുടെ നിഗൂഡത !"
ആഹ്
! വേണ്ട ,രാജസേവക ! ആ ചിരി വേണ്ട !
വയോധിക !ലൌകിക വിചാരത്തിന്‍റെ ധൂളികള്‍ നിന്‍റെ കാഴ്ച മറച്ചിരിക്കുന്നു .
പക്ഷെ
ഈ ബാലന്‍റെ നിഷ്കളങ്കത മൂടല്‍ മഞ്ഞിനെ തുളച്ച് ,
ദിവ്യ
സ്ത്രീത്വം എന്ന തിളങ്ങുന്ന സത്യം കണ്ടിരിക്കുന്നു ....
.ആഹ്, ഭീതിദായകമായ ആ ആദ്യ ആരാധനയില്‍ ,എങ്ങനെ എന്നില്‍ ദേവതകള്‍ ഉണര്‍ന്നുവെന്നോ ?
എന്‍റെ
മിഴികള്‍ നിറഞ്ഞു ..
ഒരു സഹോദരിയെന്നപോലെ പ്രഭാത രശ്മികള്‍ എന്‍റെ മുടിയിഴകള്‍ തഴുകി.....,
പൂക്കളെ
ചുംബിക്കുന്നപോലെ മാരുതന്‍ എന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു .....സ്ത്രീകള്‍ ആഭാസമായി ചിരിച്ചുകൊണ്ട് കൈകള്‍ കൊട്ടി ,
അഴിച്ചിട്ട
മുടിയും നിലത്തിഴയുന്ന വസ്ത്രങ്ങളുമായി അവര്‍ അവനെ പൂക്കള്‍ കൊണ്ടു എറിയാന്‍ തുടങ്ങി ...
ആഹ്
! എന്‍റെ കളങ്കരഹിതനായ സൂര്യ !
നിന്നെ
പൊതിയാന്‍ എന്‍റെ ലജ്ജ തീക്ഷ്ണമായ മഞ്ഞിന്‍റെ തിരശ്ശീല നെയ്യുകില്ലേ ?
ഞാന്‍ അവന്‍റെ പാദങ്ങളില്‍ വീണു തേങ്ങി ,
"ക്ഷമിച്ചാലും ".
സ്ത്രീകളുടെ
വൃത്തികെട്ട ചിരി എരിയുന്ന തീ പോലെ എന്നെ നോവിച്ചു , പക്ഷെ ആ വാക്കുകള്‍ എപ്പോഴും എന്‍റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു,
"
അജ്ഞാതമായ ഏത്ദൈവമാണ് നീ ?"......

1 അഭിപ്രായ(ങ്ങള്‍):

എം.സങ് പറഞ്ഞു...

ടാഗോര്‍ കവിതയുടെ പരിഭാഷ ആയല്ല കവിത വായിച്ചതു ഫൈസലിന്‍റെഭാഷ എനിക്കേറെ ഇഷ്ടമുള്ള സ്നേഹിതന്‍ ഷിറാസ് അലിയുടെ കവിതയുമായ് ഏറെ അടുത്ത് നില്‍ക്കുന്നതായ് തോന്നി.സഞ്ചാരിയായ അയാള്‍ ആല്‍ക്കെമി എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഒട്ടേറെ അറബ് ,ഉര്‍ദു കവിതകള്‍ പരിഭാഷ പ്പെടുത്തിയിട്ടുമുണ്ട്.ടാഗോര്‍ കവിതയും,സുഹൃദ്സ്മരണയുംനല്‍കിയതിനു നന്ദി ....സങ്